മതിയായ ചികിത്സ ലഭിച്ചില്ല, പാകിസ്താനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരിച്ചു

സ്വന്തം ലേഖകന്‍

Jul 09, 2019 Tue 06:25 PM

ലാഹോര്‍: ചികിത്സ കിട്ടാതെ പാക്കിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരിച്ചു.ലാഹോറിലെ ഷാലമാര്‍ ആശുപത്രിയിലായിരുന്നു സംഭവം. 330 കിലോ തൂക്കമുളള നൂറുള്‍ ഹസനാണ് ആശുപത്രിയിലെ അക്രമസംഭവങ്ങളെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഐസിയുവില്‍ മരിച്ചത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ആര്‍മി ഹെലികോപ്റ്ററില്‍ 55കാരനായ നൂറുള്‍ ഹസനെ എയര്‍ലിഫ്റ്റ് ചെയ്തത് കഴിഞ്ഞ മാസം വലിയ വാര്‍ത്തയായിരുന്നു. ഇവിടെ ചികിത്സയിലുണ്ടായിരുന്ന ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അക്രമസംഭവങ്ങള്‍ നടന്നിരുന്നു. തുടര്‍ന്ന് ജീവനക്കാര്‍ ജോലി ചെയ്യാതെ മടങ്ങി. ഇതോടെ ഐസിയുവില്‍ ജീവനക്കാര്‍ ഇല്ലാതെ വരികയും തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ നൂറുല്‍ ഹസന്റെ നില വഷളാവുകയും ചെയ്തു. ഹസനെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹസനെ കൂടാതെ മറ്റൊരു രോഗിയും മതിയായ ചികില്‍സ ലഭിക്കാതെ മരിച്ചിരുന്നു.സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

  • HASH TAGS