ഞെട്ടിക്കുന്ന ബ്രോഡ്ബാന്‍ഡ് ഓഫറുമായി വീണ്ടും ജിയോ

സ്വന്തം ലേഖകന്‍

Jul 09, 2019 Tue 07:02 PM

ന്യൂഡല്‍ഹി : ടെക്‌നോളജിയില്‍ ജിയോ വീണ്ടും വമ്പന്‍ ഓഫറുകള്‍ നല്‍കി ഞെട്ടിക്കുകയാണ്. മൊബൈല്‍ ഫോണില്‍ വിപ്ലവം തീര്‍ത്ത ശേഷം ഫൈബര്‍ നെറ്റ്‌വര്‍ക്കിലെ ഓഫറുകള്‍ നല്‍കുകയാണ് ജിയോ. 1600 നഗരങ്ങളിലായാണ് ജിയോയുടെ ഫൈബര്‍ ടു ദി ഹോം (എഫ്ടിടിഎച്ച്) വരുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബര്‍ നെറ്റ്വര്‍ക്കാണ് ജിയോ അവതരിപ്പിക്കുന്നത്.  ആദ്യ മൂന്നു വര്‍ഷത്തിനുളളില്‍ 7.5 കോടി വരിക്കാരെയാണ് ജിയോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം മുകേഷ് അംബാനിയാണ് ജിയോ ബ്രോഡ്ബാന്‍ഡ് ആദ്യമായി പരിചയപ്പെടുത്തിയത്. അന്ന് പറഞ്ഞത് 1100 നഗരങ്ങളില്‍ നിന്ന് അഞ്ചു കോടി വരിക്കാരെ ലക്ഷ്യമിടുന്നുവെന്നാണ്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ തന്നെ നൂറോളം നഗരങ്ങളില്‍ ജിയോ എഫ്ടിടിഎച്ച് സര്‍വീസ് ടെസ്റ്റിങ് നടക്കുന്നുണ്ട്.എന്നാല്‍ വാണിജ്യ നിരക്കുകള്‍ ഇപ്പോള്‍ പ്രഖ്യാപിക്കില്ലെന്നും ഒരു വര്‍ഷം ഫ്രീയായി സേവനം നല്‍കിയതിനു ശേഷമായിരിക്കും മറ്റു കാര്യങ്ങള്‍ വെളിപ്പെടുത്തുക എന്നും റപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ബുക്ക് ചെയ്തവര്‍ക്കെല്ലാം ഒരു വര്‍ഷത്തേക്ക് ജിയോ ഗിഗാഫൈബര്‍ സൗജന്യമായി നല്‍കും. ഒരു വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കം ശേഷം മാത്രമെ വാണിജ്യ നിരക്കുകള്‍ ഈടാക്കുക.


നിലവില്‍ ഉപയോക്താക്കള്‍ക്ക് 2,500 രൂപ അടച്ചാല്‍ ( തിരികെ നല്‍കാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്) ഗിഗാഫൈബറിന്റെ സേവനം ഫ്രീയായി ലഭിക്കും. 50 എംബിപിഎസ് വരെ വേഗമുള്ള സിംഗിള്‍-ബാന്‍ഡ് വൈ-ഫൈ റൂട്ടര്‍ ആണ് ഈ പ്ലാനില്‍ ഓഫര്‍ ചെയ്യുന്നത്. പ്രതിമാസം 1100 ജിബി ഡേറ്റ വരെ ഈ പ്ലാനില്‍ ഉപയോഗിക്കാം. ഗിഗാ ഫൈബറിന്റെ വാണിജ്യ വിതരണത്തിനു ജിയോ ഇന്‍ഫ്രാസ്ട്രക്ചര്‍ മികച്ചരീതിയില്‍ തയ്യാറാക്കുന്നുണ്ട്. കൂടാതെ ജിയോ ഗിഗാഫൈബര്‍ വിപണി തയാറാക്കാനും പ്രതിമാസ അല്ലെങ്കില്‍ വാര്‍ഷിക സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും കമ്പനിക്ക് മറ്റൊരു വര്‍ഷം എടുക്കുമെന്നാണ് അറിയുന്നത്. ജിയോയുടെ പുത്തന്‍ ഓഫറുകള്‍ കണ്ട് വലിയ പ്രതീക്ഷയിലാണ് ജനങ്ങള്‍.  • HASH TAGS