റേഷൻ കട വഴിയും സപ്ലൈകോയുടെ കുപ്പിവെള്ളം

സ്വന്തം ലേഖകന്‍

May 08, 2019 Wed 05:19 AM

കൊച്ചി: 11 രൂപയുടെ കുപ്പിവെള്ള വിതരണം റേഷൻ കട വഴിയും. സ്വകാര്യ കുപ്പിവെള്ള കമ്പനികളുടെ ചൂഷണം തടയാൻ സപ്ലൈകോ ആരംഭിച്ച പദ്ധതിയാണിത്. ഇനി മുതൽ റേഷൻ കട വഴിയും കുപ്പിവെള്ളം എത്തിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത‌് സംബന്ധിച്ച‌് ബുധനാഴ‌്ച തിരുവനന്തപുരത്ത‌് മന്ത്രിതലത്തിൽ ചർച്ച നടക്കും. ഏപ്രിൽ ആദ്യവാരം ആരംഭിച്ച പദ്ധതിയിലൂടെ ആറ‌് ലക്ഷത്തോളം രുപയുടെ കുപ്പിവെള്ളം സപ്ലൈകോ വിപണിയിലെത്തിച്ചിരുന്നു.

സ്വകാര്യ കമ്പനികളുടെ ചൂഷണം തടഞ്ഞ‌് കുറഞ്ഞ‌ വിലയ‌്ക്ക‌് കുപ്പിവെള്ളം ജനങ്ങളിലെത്തിക്കാനുള്ള  സർക്കാരിന്റെ തീരുമാനപ്രകാരമാണ് നടപടി. പൊതുവിപണിയിൽ ലിറ്ററിന‌് 20 രൂപയുള്ള കുപ്പിവെള്ളമാണ‌് 11 രൂപയ‌്ക്ക‌് സപ്ലൈകോ നൽകുന്നത‌്. വയനാട‌്, കാസർകോട‌് ഒഴികെ മറ്റ‌് ജില്ലകളിൽ കുപ്പിവെള്ളം വിതരണം പുരോഗമിക്കുകയാണ‌്. വിവിധ മാവേലി സ‌്റ്റോറുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ വഴി ഇതുവരെ 6 ലക്ഷത്തോളം രൂപയുടെ കുപ്പിവെള്ളമാണ‌് വിൽപ്പന നടത്തിയത‌്.

റേഷൻകട വഴി കുപ്പിവെള്ളം വിൽപ്പന നടത്തുന്നതിന്റെ ഭാഗമായാണ‌് ബുധനാഴ‌്ചത്തെ പ്രാരംഭ ചർച്ച. കുപ്പിവെള്ളം എളുപ്പത്തിൽ ലഭ്യമാക്കാനാണ‌് റേഷൻ കടവഴി വിൽപ്പന നടത്താൻ സപ്ലൈകോ ലക്ഷ്യമിടുന്നത‌്. റേഷൻ കടയുടമകളുമായി ഇക്കാര്യം ചർച്ച ചെയ‌്ത ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇവരുടെ കമ്മീഷൻ, ലാഭ വിഹിതം എന്നിവയും ചർച്ച ചെയ്യും.

  • HASH TAGS
  • #supplyco
  • #mineralwater