ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല; ശിവസേന

സ്വന്തം ലേഖകന്‍

May 08, 2019 Wed 06:25 AM

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രധാന സഖ്യകക്ഷിയായ ശിവസേന. ശിവസേനയുടെ മുതിര്‍ന്ന നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് റാവത്താണ് ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം, എന്‍ഡിഎ തന്നെയായിരിക്കും അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എന്തായാലും തങ്ങള്‍ എന്‍ഡിഎയ്‌ക്കൊപ്പമായിരിക്കുമെന്നും റാവത്ത് പറഞ്ഞു. നേരത്തെ മുതിര്‍ന്ന ബിജെപി നേതാവ് റാം മാധവ് ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന പ്രസ്താവന നടത്തിയിരുന്നു. 2014ലേതിന് സമാനമായി ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്നും എന്‍ഡിഎ ഭരണം തുടരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.


ഒറ്റയ്ക്ക്‌ ഭൂരിപക്ഷം ലഭിക്കില്ല എന്ന ശിവസേനയുടെ ഇടയ്ക്കിടെയുള്ള വെളിപ്പെടുത്തല്‍ ബി.ജെ.പി യെ കൂടുതല്‍ വെട്ടിലാക്കുകയാണ്. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ അടുത്ത ഘട്ടങ്ങളിലെ വോട്ടെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്നുണ് ഉന്നത നേതാക്കള്‍ വിലയിരുത്തുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കും എന്നു തന്നെയാണ് എല്ലാ രാഷ്ട്രീയ വിദഗ്ധരും വിലയിരുത്തുന്നത്.


  • HASH TAGS