ഫൈനലിൽ ആര്? ഇന്നറിയാം

സ്വന്തം ലേഖകൻ

May 10, 2019 Fri 05:53 AM

ഐ.പി.എൽ ക്വാളിഫയർ 2-ൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്ങ്സും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും. ഒന്നാം ക്വാളിഫയറിൽ ആറു വിക്കറ്റ് വിജയത്തോടെയായിരുന്നു മുംബൈ ചെന്നൈയെ പരാജയപ്പെടുത്തിയത്. തോറ്റതിന്റെ ക്ഷീണത്തിലാണ് ചെന്നൈയെങ്കിൽ ഹൈദരാബാദിനെതിരെ നാടകീയ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഡൽഹി കാപിറ്റൽസ് രണ്ടാം ക്വാളിഫയറിൽ ഇറങ്ങുന്നത്. ഇന്നു ജയിക്കുന്ന ടീം ഞായറാഴ്ച നടക്കുന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസിനെ നേരിടും.


വിശാഖ പട്ടണത്ത് വച്ച് നടക്കുന്ന മത്സരത്തിൽ ഇതേ മൈദാനത്ത് എലിമിനേറ്റർ കളിച്ച പരിചയം ഡൽഹിക്ക് മുൻ‌തൂക്കം നൽകുമെന്നാണ് വിലയിരുത്തൽ. ഋഷഭ് പന്തിന്റെ ഉജ്വല ഫോമിലും ഡൽഹി പ്രതീക്ഷയർപ്പിക്കുന്നു. എന്നാൽ ചെന്നൈ നിസാരക്കാരല്ല. ക്യാപ്റ്റൻ കുളിന്റെ പരിചയ സമ്പത്തു തന്നെയാണ് ചെന്നൈയുടെ ഏറ്റവും വലിയ മേൽകൈ. നിർണായക അവസരങ്ങളിൽ തീരുമാണമെടുക്കുന്നതിലൂടെ കളിയുടെ ഗതി മാറ്റിമറിക്കുന്നതിൽ ധോണി തന്നെ ഒന്നാമൻ.


സ്പിന്നര്മാരായ ഇമ്രാൻ താഹിർ, ഹർഭജൻ സിങ്, രവീന്ദ്ര ജഡേജ എന്നിവർ ചെന്നൈയുടെ കരുത്താണ്. മൂവരും സീസണിലെ മികച്ച കളികളാണ് കാഴ്ചവെക്കുന്നത്. എന്നാൽ ചെന്നൈയുടെ മധ്യനിര ബാറ്റ്‌സ്മാന്മാരുടെ ഫോമില്ലായിമ ചെന്നൈക്ക് ക്ഷീണം നൽകുന്നു. കേദാർ ജാദവിന്റെ പരിക്കും ചെന്നൈയെ അലട്ടുന്നു.


ഡൽഹി ബാറ്റ്‌സ്മാന്മാരുടെ മികവിനെയാണ് കൂടുതൽ ആശ്രയിക്കുന്നത്. എന്നാൽ മികച്ച ബോളിങ് കാഴ്ചവച്ചിരുന്ന കാഗിസോ റബാദ ടീമിൽ ഇല്ലാത്തതും ബോളിങ് നിരയിൽ തിരിച്ചടി നേരിടേണ്ടി വരും.

  • HASH TAGS
  • #sports
  • #Ipl